വിദ്യാഭ്യാസമന്ത്രിക്ക് നേരെ ആക്രമം, കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു
https://chaliyartimes.blogspot.com/2015/05/blog-post.html
കോഴിക്കോട് നരിക്കുനിയില്‍ സ്വകാര്യ പരിപാടിക്ക് എത്തിയ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിന്റെ കാറിന്റെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ പ്രധിഷേധവുമായെത്തിയത്. നരിക്കുനിയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു മന്ത്രി. സ്വകാര്യ പരിപാടിയായതിനാല്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് ഇടതു യുവജന, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തിലെ അപാകതയുടെ പേരിലായിരുന്നു പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (19), നരിക്കുനി കൂടത്താന്‍കണ്ടിയില്‍ അഭിജിത് (19), കണ്ണങ്കര നടുക്കണ്ടിയില്‍ ഫാസില്‍ (21), നരിക്കുനി മഠത്തില്‍ നവാസ് (18), പുതിയോട്ടില്‍ വിവേക് (21), കക്കോടി കിഴക്കയില്‍താഴത്ത് അക്ഷയ് (19) എന്നിവരെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.