ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി പി. വി. അബ്ദുല്‍ വഹാബ് തന്നെ
https://chaliyartimes.blogspot.com/2015/04/blog-post_84.html
മലപ്പുറം: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പി.വി.അബ്ദുൽ വഹാബിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. 2004 മുതൽ 2010വെര രാജ്യസഭാംഗമായിരുന്നു പി. വി. അബ്ദുൾ വഹാബ്. ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ പിന്തള്ളിയാണ് അബ്ദുൽ വഹാബ് സ്ഥാനാർത്ഥിയായത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എല്ലാവിധ നടപടി ക്രമങ്ങളും പാലിച്ചാണെന്ന് ദേശീയ ട്രഷററും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ അതിനു ശേഷം ഒരു ചര്‍ച്ചയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തീരുമാനത്തിന് മുമ്പ് പല പേരുകളും ഉയർന്നുവരുന്നത് സ്വാഭാവികമാണ്. ഇനി ഒരു പേരെയുള്ളുവെന്നും അത് വഹാബിന്റേതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പാര്‍ട്ടി ഏല്‍പിച്ച പുതിയ ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുമെന്നും അബ്ദുല്‍ വഹാബ് പ്രതികരിച്ചു.
ഹൈദരലി ശിഹാബ് തങ്ങളെ കൂടാതെ ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ അബ്ദുല്‍ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.