ഗ്രാമഫോണിലൂടെ ഹൈടെക്കായി കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത്
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിലെ ഏതു വിഷയത്തെക്കുറിച്ചുള്ള വിവരവും ഇനി വിരൽത്തുമ്പിൽ ലഭിക്കും. പഞ്ചായത്തിന്റെ പൊതുവിവരങ്ങൾ, ജനന-മരണ-വി...
https://chaliyartimes.blogspot.com/2018/09/blog-post_18.html
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിലെ ഏതു വിഷയത്തെക്കുറിച്ചുള്ള വിവരവും ഇനി വിരൽത്തുമ്പിൽ ലഭിക്കും. പഞ്ചായത്തിന്റെ പൊതുവിവരങ്ങൾ, ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷൻ, കെട്ടിടനികുതി അടയ്ക്കൽ, ബസ് സമയം, ബ്ലഡ് ബാങ്ക്, ജോലിക്കാർ, ടെലിഫോൺ ഡയറക്ടറി, വാർത്തകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്.
ബാർബർഷോപ്പിലെ തിരക്കറിയാൻ ബാർബർഷോപ്പ് ക്യൂ സിസ്റ്റം, വസ്തുവിൽപ്പന പരസ്യംചെയ്യാൻ ക്ലാസിഫൈഡ്‌സ്, ഏതൊരാൾക്കും പ്രധാനപ്പെട്ട അറിയിപ്പുകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ പ്രത്യേക വാർത്താ പ്ലാറ്റ്ഫോം എന്നിങ്ങനെ വളരെ പുതുമയാർന്ന മറ്റു ഫീച്ചറുകളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് വിവരങ്ങൾ ചേർക്കാൻ ആപ്ലിക്കേഷനിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. ആൻഡ്രോയ്‌ഡ് ഫോൺ ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ളേ സ്റ്റോറിൽനിന്ന് ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
’ഗ്രാമഫോൺ’ എന്നുപേരിട്ട ഈമൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും പി.കെ. ബഷീർ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കമ്മദ്‌കുട്ടി ഹാജി അധ്യക്ഷനായി. കെ. അബൂബക്കർ, നജീബ് കാരങ്ങാടൻ, സുധാരാജൻ, മെമ്പർമാരായ എൻ.ടി. ഹമീദ് അലി, കെ.വി. ഷഹർബാൻ, എം.എം. ജസ്‌ന, ജമീല കോലോത്തുംതൊടി, ആയിശ കോലോത്തുംതൊടി, ശഫീഖത്ത് എന്നിവർ സംബന്ധിച്ചു.
Courtesy: Mathrubhumi