കാര്‍ഗോ വഴി അയച്ച ഉല്‍പന്നങ്ങള്‍ നാട്ടിലെത്തിയില്ല, സ്ഥാപനത്തിന് 85,988 രൂപ പിഴ
https://chaliyartimes.blogspot.com/2015/05/85988.html
അരീക്കോട്: പ്രവാസി നാട്ടിലേക്കയച്ച സാധനങ്ങള്‍ മേല്‍വിലാസക്കാരന് ലഭിക്കാത്തതിനാല്‍ കാര്‍ഗോ കമ്പനി 85,988 രൂപ പിഴയടക്കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. സൗദിയിലെ കിങ് ഫഹദ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സായ കോഴിക്കോട് ചേവായൂര്‍ ഇടചെമ്പകശേരി എ.പി. പ്രേമലത നല്‍കിയ പരാതിയില്‍ അരീക്കോട് വാലില്ലാപ്പുഴ എ.ബി.സി കാര്‍ഗോക്കെതിരെ മലപ്പുറം ഉപഭോക്തൃ ഫോറത്തിന്‍േറതാണ് വിധി.
2011 ജൂലൈ ഒന്നിന് 50,000 രൂപ വില വരുന്ന കളിപ്പാട്ടങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയുടെ 74 കിലോഗ്രാം അടങ്ങുന്ന പെട്ടിയാണ് പ്രേമലത ഭര്‍ത്താവിന്റെ പേരില്‍ നാട്ടിലേക്കയച്ചത്. കാര്‍ഗോ ചാര്‍ജ്ജായി 350 സൗദി റിയാലും നല്‍കിയിരുന്നു. എന്നാല്‍ പെട്ടി ഇതുവരെ നാട്ടിലേക്കെത്തിയില്ല. തങ്ങള്‍ സൗദി എ.ബി.സി കമ്പനിയുടെ ഡെലിവറി ഏജന്‍റാണെന്നും, പെട്ടിയില്‍ നിയമ വിരുദ്ധമായ സാധനങ്ങളായിരുന്നുവെന്നും അവ ചൈന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതാണെന്നുമായിരുന്നു കാര്‍ഗോ അധികൃതരുടെ വാദം. എന്നാല്‍ ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിച്ച കോടതി തടഞ്ഞു വെച്ച സാധനങ്ങളുടെ ലിസ്റ്റില്‍ പ്രേമലതയുടെയോ ഭര്‍ത്താവിന്റെയോ പേര് ഇല്ലെന്ന് കണ്ടെത്തി. ഫീസ് കൈപ്പറ്റി ഏറ്റെടുത്ത സാധനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കാര്‍ഗോ കമ്പനിക്കാണെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്‍ വിധി ഉദ്ധരിച്ച് ജഡ്ജി കെ മുഹമ്മദലി, മെമ്പര്‍മാരായ മദനവല്ലി, മിനിമാത്യു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സാധനങ്ങളുടെ വിലയായ 50,000 രൂപ, സാധനം നഷ്ടപ്പെട്ടതില്‍ പരാതിക്കാരിക്കുണ്ടായ വിഷമതകള്‍ക്ക് 25,000 രൂപ, കോടതി ചെലവ് 5,000 രൂപ കാര്‍ഗോ ചാര്‍ജ്ജ് 5,988 രൂപ എന്നിങ്ങനെ 85988 രൂപ ഒരു മാസത്തിനകം നല്‍കണമെന്നാണ് വിധി.
