കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും ലീഗ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു
https://chaliyartimes.blogspot.com/2015/02/blog-post_25.html
കൊണ്ടോട്ടി: പഞ്ചായത്തില്‍ യു.ഡി.എഫ് ബന്ധം തകര്‍ത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ അവിശ്വാസത്തില്‍ പരാജയപ്പെടുത്തിയ പ്രാദേശിക നേതൃത്വത്തിനെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നിലപാട് കര്‍ശനമാക്കുന്നു. നേരത്തെ, പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടുകയും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയും ചെയ്ത മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പ്രസിഡന്റ് പി.വി.ലത്തീഫിനെയും സെക്രട്ടറി എടക്കോട്ട് മെഹബൂബിനെയുമാണ് ജില്ലാ കമ്മിറ്റി സസ്‌പെന്റ് ചെയ്തത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും ജില്ലാ നേതൃത്വത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അവിശ്വാസവുമായി മുന്നോട്ട് പോയതാണ് ഇരുവരെയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കാന്‍ കാരണം. കോണ്‍ഗ്രസ്സിനെതിരെ അവിശ്വാസം കൊണ്ടുവരരുതെന്നും മുന്നണിബന്ധം വിച്ഛേദിക്കരുതെന്നുമാണ് നേതൃത്വം പഞ്ചായത്ത് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിരുന്നത്. കാര്യങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു മുതിരാതെ പഞ്ചായത്ത് കമ്മിറ്റി അവിശ്വാസവുമായി മുന്നോട്ട് പോവുകയാണ് ചെയ്തത്. അവിശ്വാസത്തില്‍ കോണ്‍ഗ്രസ്സിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച വിപ്പ് മുസ്ലിംലീഗിലെ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ കൈപ്പറ്റിയിരുന്നില്ല. അവിശ്വാസം പാസായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനെതിരെ ഒന്നിലേറെ തവണ പ്രകടനം നടത്തുകയും ചെയ്തു. ഇതെല്ലാമാണ് ഇരുവരുടെയും സസ്‌പെന്‍ഷനില്‍ കലാശിച്ചത്.
ജില്ലയില്‍ പലയിടങ്ങളിലും ലീഗ് -കോണ്‍ഗ്രസ് ബന്ധം നല്ല നിലയിലല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പലയിടങ്ങളിലെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ്. ഇതിനിടയില്‍ കൊണ്ടോട്ടിയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തെറ്റിയത് ജില്ലാ നേതൃത്വത്തിന് വലിയ ക്ഷീണമായി. പ്രാദേശിക നേതൃത്വത്തിനെതിരെ കര്‍ശന നടപടിയെടുക്കുന്നതിന് ഇതും കാരണമായി.
News Courtesy: www.mathrubhumi.com